തണുത്ത, ശാന്തമായ ഒരു കുളത്തിൽ മൂന്നു മീൻകൂട്ടുകാർ താമസിച്ചിരുന്നു. ഒന്നാമന്റെ പേര് മുൻകരുതൽ. അവൻ എപ്പോഴും നാളത്തെക്കുറിച്ച് ആലോചിക്കും. രണ്ടാമന്റെ പേര് തക്കബുദ്ധി. അവന്റെ തലയിൽ എപ്പോഴും ഒരു മിടുക്കൻ ഉപായം കാണും. മൂന്നാമന്റെ പേര് വരുന്നതുവരട്ടെ. ഒന്നും ചെയ്യാതെ വെറുതെ ഒഴുകിനടക്കാനായിരുന്നു അവന് ഇഷ്ടം.
ഒരു ദിവസം വൈകുന്നേരം രണ്ടു മീൻപിടുത്തക്കാർ വലിയ വലകളുമായി കുളത്തിനരികിലൂടെ നടന്നുപോയി. “ഇവിടെ എത്ര മീനാ!” ഒരാൾ പറഞ്ഞു. “നാളെ അതിരാവിലെ വന്ന് നമുക്ക് ഇവയെ പിടിക്കാം.”
അതു കേട്ട മുൻകരുതൽ കൂട്ടുകാരുടെ അടുത്തേക്ക് നീന്തിച്ചെന്നു. “നിങ്ങൾ കേട്ടോ? നമുക്ക് ഇന്നു രാത്രി തന്നെ ഇവിടെനിന്ന് പോകാം! ദൂരെയുള്ള ഒരു തടാകത്തിലേക്ക് പോകുന്ന ഒരു കുഞ്ഞരുവിയുണ്ട്.”
“ഞാൻ ഇവിടെത്തന്നെ നിൽക്കും,” തക്കബുദ്ധി പറഞ്ഞു. “ആപത്ത് വന്നാൽ ഞാൻ എന്തെങ്കിലും വഴി കണ്ടുപിടിക്കും.” വരുന്നതുവരട്ടെ ഒന്നു കോട്ടുവായിട്ടു. “ഇത് നമ്മുടെ വീടല്ലേ. ചിലപ്പോൾ അവർ വരുകപോലുമില്ല. വരുന്നതു വരട്ടെ, നമുക്ക് നോക്കാം.”
അങ്ങനെ മുൻകരുതൽ കുഞ്ഞരുവിയിലൂടെ നീന്തിപ്പോയി. നിലാവെളിച്ചത്തിൽ അവൻ ആമ്പലിലകളും പതുപതുത്ത പച്ചപ്പായലുമുള്ള വലിയ, സുരക്ഷിതമായ ഒരു തടാകത്തിലെത്തി. അവൻ ചിറകുകൾ വീശി കുളത്തോട് യാത്ര പറഞ്ഞു.
പിറ്റേന്ന് അതിരാവിലെ, ബ്ലും! മീൻപിടുത്തക്കാർ കുളത്തിലേക്ക് വലയെറിഞ്ഞു. തക്കബുദ്ധി വലയിൽ അനങ്ങാതെ, ഉറങ്ങുന്നതുപോലെ പൊങ്ങിക്കിടന്നു. “ഇവൻ വെറുമൊരു ഉറക്കംതൂങ്ങി,” എന്നു പറഞ്ഞ് ഒരു മീൻപിടുത്തക്കാരൻ അവനെ തിരികെ വെള്ളത്തിലേക്കെറിഞ്ഞു.
വരുന്നതുവരട്ടെയും വലയിൽ കുടുങ്ങി. അവൻ പിടഞ്ഞു, പിന്നെയും പിടഞ്ഞു. വല മുകളിലേക്ക് പൊക്കിയ ആ നിമിഷം അവൻ ഒരു കുഞ്ഞുദ്വാരം കണ്ടു. ശക്തിയോടെ പുളഞ്ഞ് അതിലൂടെ നുഴഞ്ഞ് അവൻ ബ്ലും എന്ന് വെള്ളത്തിലേക്ക് വീണു.
അന്നു രാത്രി വരുന്നതുവരട്ടെയും തക്കബുദ്ധിയും അരുവിയിലൂടെ നീന്തി തടാകത്തിലെത്തി. മുൻകരുതൽ അവരെയും കാത്തിരിപ്പുണ്ടായിരുന്നു. “ഇനി മുതൽ,” കിതച്ചുകൊണ്ട് വരുന്നതുവരട്ടെ പറഞ്ഞു, “ഞാനും നേരത്തേ ഒരുങ്ങിയിരിക്കും!”
ഗുണപാഠംആപത്ത് വരുന്നതു കണ്ടാൽ നേരത്തേ ഒരുങ്ങിയിരിക്കുക.
നമുക്ക് സംസാരിക്കാം: ഏതു മീനാണ് ഏറ്റവും ബുദ്ധിമാൻ എന്നാണ് നിനക്ക് തോന്നുന്നത്? സ്കൂളിൽ പോകാനോ ഒരു യാത്ര പോകാനോ നീ എങ്ങനെയാണ് ഒരുങ്ങുന്നത്?



